ആലുവ: ഇടുക്കി, എറണാകുളം ജില്ലകളിലൂടെ 269. 90 കിലോമീറ്റർ താണ്ടിയെത്തുന്ന പെരിയാർ ലക്ഷക്കണക്കിന് വരുന്ന ജനതയുടെ ജീവജലവും കൃഷിക്കാരുടെ ജീവവായുവും വ്യവസായമേഖലയുടെ ജീവനാഡിയുമാണ്. 17 അണക്കെട്ടുകളിലെ വൈദ്യുതി ഉത്പാദനത്തിൽ പങ്ക് വഹിച്ച് ഒഴുകിയെത്തുന്ന പെരിയാർ കടലിനോടു ചേരാനായി ഏലൂർ, എടയാർ വ്യവസായ മേഖലയിൽ എത്തുന്നതോടെ രാസമാലിന്യം കലർന്ന് മലിനമാകുന്ന കാഴ്ച വേദനാജനകമാണ്.
പെരിയാറിലും കൈവഴികളിലുമായി 106 ഇടങ്ങളിൽ മാലിന്യം തള്ളുന്നുവെന്നാണ് ഔദ്യോഗികമായി കണ്ടെത്തിയിട്ടുള്ളത്. ആലുവപ്പുഴയിലേക്ക് ആലുവ നഗരവും ആലുവ മാർക്കറ്റും തള്ളുന്ന മേഖലകളും ഇതിലുൾപ്പെടും. ആലുവ നഗരസഭയ്ക്കു മലിനീകരണം തടയാനായി ആലുവ പാലസിനടുത്ത് പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും ഒരു വർഷം മാത്രമേ പ്രവർത്തിച്ചുള്ളൂ.
2018ലെ പ്രളയകാലത്ത് മുഴുവനായി നശിച്ചുപോയി. ഇതേത്തുടർന്ന് ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ തുറന്നുവിടുന്ന ദ്രവമാലിന്യം നേരേ ആലുവ പുഴയിൽ പതിക്കുകയാണ്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടിയ അളവിലായതിനാൽ ഹരിത ട്രൈബ്യൂണൽ ആലുവ നഗരസഭയ്ക്കു പലപ്പോഴായി കോടികൾ പിഴ പ്രഖ്യാപിച്ചിട്ടുമുണ്ട്. 69 തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യം വൻതോതിൽ പെരിയാറിലേക്കു തള്ളപ്പെടുന്നുണ്ട്. വിശാല കൊച്ചിയിലേക്കടക്കം കുടിവെള്ളമെത്തിക്കുന്ന ആലുവ ഉൾപ്പെടെ 58 പമ്പിംഗ് സ്റ്റേഷനുകളും പെരിയാർ തീരത്താണ്.
വ്യവസായ രാസമാലിന്യം അപകടകരം
പെരിയാറിലേക്കു പ്രധാനമായും 15 മേഖലകളിൽനിന്നാണ് വ്യവസായ മാലിന്യം തള്ളുന്നതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാർ ഗ്രാമപഞ്ചായത്ത്, ഫർണിച്ചർ ഹണ്ടാകാനിരിക്കുന്ന പ്ലൈവുഡ് നിർമാണശാലകളുടെ വാഴക്കുളം പഞ്ചായത്ത്, എടയാർ വ്യവസായ കേന്ദ്രമുള്ള കടുങ്ങല്ലൂർ പഞ്ചായത്ത്, ഫാക്ട് അടക്കം വൻകിട വ്യവസായശാലകൾ ഉൾപ്പെടുന്ന മറുകരയിലെ ഏലൂർ, കളമശേരി നഗരസഭകൾ ഇതിൽ പ്രധാനം.
മൺസൂൺ, തുലാവർഷ സമയങ്ങളിൽ പെരിയാറിലേക്ക് ഏലൂർ, എടയാർ വ്യവസായശാലകൾ സംസ്കരിക്കാതെയാണു രാസമാലിന്യം പുറന്തള്ളുന്നത്. ഇരുണ്ട കറുത്ത നിറത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും അവ വില്പനയ്ക്ക് എത്തുന്നതും സ്ഥിരം കാഴ്ചയാണ്. ഉഷ്ണതരംഗം വീശിയതോടെ വ്യവസായശാലകൾ ഇത്തവണ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പരിസരവാസികൾ.
കടുങ്ങല്ലൂർ പഞ്ചായത്തിനെയും ഏലൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാതാളം പാലത്തിനു സമീപം 400 ഓളം വ്യവസായ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. മാലിന്യമുക്ത പെരിയാർ ആക്കാനായി ഹരിത ട്രൈബ്യൂണൽ 26 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാൻ നിർദേശിച്ചെങ്കിലും നടപ്പിലായില്ല.